ഞങ്ങളെക്കുറിച്ച്: ഒരു മധുരയാത്രയുടെ തുടക്കം

ഏതൊരു പെൺകുട്ടിക്കും പാചകത്തോടുള്ള താല്പര്യം അവളുടെ ഉമ്മയിൽ നിന്നാണ് കിട്ടിയിട്ടുണ്ടാവുക. എന്റെ കാര്യവും ഒട്ടും വ്യത്യസ്തമായിരുന്നില്ല. കേക്കുണ്ടാക്കുന്ന ഉമ്മയെ കണ്ടാണ് ഞാൻ വളർന്നത്. ആ കാഴ്ചകളും, അടുക്കളയിലെ മധുരമുള്ള ഓർമ്മകളും എൻ്റെ മനസ്സിൽ എന്നും ഒരു പ്രത്യേക സ്ഥാനം നേടിയിരുന്നു.

ഉമ്മയുണ്ടാക്കുന്നത് കണ്ടുപഠിച്ചും, ടെലിവിഷനിലെ കുക്കറി ഷോകൾ കണ്ടുമെല്ലാം, ഒൻപതാം വയസ്സിൽ തന്നെ ഞാൻ പാചകം ചെയ്യാൻ തുടങ്ങി. ചെറുപ്പം മുതലേ പാചകത്തിൽ എനിക്ക് ഏറെ കമ്പം ബേക്കിങ്ങിനോടായിരുന്നു. പ്രത്യേകിച്ച്, കേക്കുകൾ അലങ്കരിക്കുന്നത് എൻ്റെ മനസ്സിനെ എന്നും ഏറെ സ്വാധീനിച്ചിരുന്നു. ഓരോ കേക്കിലും സ്വന്തം ഭാവന നിറച്ച്, അതിനെ ഒരു കലാസൃഷ്ടിയാക്കുന്നത് എനിക്കേറെ സന്തോഷം നൽകി.

പഠനത്തിരക്കിനിടയിൽ ഈ ഇഷ്ടം സ്ഥിരമായി തുടർന്ന് കൊണ്ടുപോകാൻ സാധിക്കാതെ പോയെങ്കിലും; വിവാഹശേഷം ദുബായിൽ എത്തിയപ്പോൾ, പാചകത്തോടുള്ള ആ പഴയ അഭിനിവേശം പതിയെ മനസ്സിലേക്ക് കടന്നുവരികയായിരുന്നു. ഒരു യൂട്യൂബ് കുക്കിംഗ് ചാനൽ തുടങ്ങാനാണ് ആദ്യം ഞാൻ വിചാരിച്ചിരുന്നതെങ്കിലും; ആയിരക്കണക്കിന് കുക്കിംഗ് ബ്ലോഗുകളും അതിലെ മനോഹരമായ ഡെക്കറേറ്റഡ് കേക്കുകളും എൻ്റെ അഭിരുചിയും വഴിയും 'ബേക്കിംഗ്' മാത്രമാണെന്ന് എനിക്ക് തിരിച്ചറിയാനായി.